തുടക്കത്തിൽ തിരുവനന്തപുരം നഗരത്തിൽ വിന്റേജ് ബസ് സർവീസ് നടത്തുമെന്നും, ലഭിക്കുന്ന പ്രതികരണമനുസരിച്ച് മറ്റിടങ്ങളിലേക്കും സർവീസ് തുടങ്ങുമെന്നും മന്ത്രി അറിയിച്ചു. ബഡ്ജറ്റ് ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി ഓപ്പൺ ഡബിൾ ഡക്കർ ബസ് പോലെ വിനോദ സഞ്ചാരത്തിന് ഉപയോഗിക്കാനും പദ്ധതിയുണ്ട്. കെഎസ്ആർടിസിയുടെ 'നൊസ്റ്റാൾജിക് ഫീലിംഗ്' യാത്രാനുഭവം നൽകാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കല്യാണ ഫോട്ടോഷൂട്ടുകൾക്ക് ഉൾപ്പടെ വിന്റേജ് ബസ് ഉപയോഗപ്പെടുത്താനാകുമെന്നും മന്ത്രി പറഞ്ഞു. നിലവിലെ സ്ഥിതി തുടർന്നുപോയാൽ രാജ്യത്തിന് തന്നെ അഭിമാനിക്കാവുന്ന സ്ഥാപനമായി കെഎസ്ആർടിസി മാറുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കെഎസ്ആർടിസി സെൻട്രൽ വർക്ക് ഷോപ്പിലായിരുന്നു വിന്റേജ് ബസിന്റെ നിർമ്മാണം. എൻജിനിയർ ഉണ്ണികൃഷ്ണന്റെ മേൽനോട്ടത്തിൽ ജീവനക്കാർ രണ്ട് മാസത്തിലാണ് വിന്റേജ് ബസ് നിർമ്മിച്ചത്. 2013 മോഡൽ അശോക് ലെയ്‌ലാൻഡ് ബസാണ് വിന്റേജ് രീതിയിൽ മാറ്റിയിരിക്കുന്നത്. ബിഎസ് 3 എൻജിനാണ് ഉപയോഗിച്ചിട്ടുള്ളത്. പഴയ വാഹനത്തിന്റെ ഡിസൈനും, ഗ്രില്ലും, ഹെഡ് ലൈറ്റും, ബസ് ഗ്രീൻ നിറവും, ഷട്ടർ വിൻഡോയും, സീറ്റുകളും, ലൈറ്റുകളും, രണ്ട് ഗ്ലാസുള്ള വിൻഡ് ഷീൽഡ് മാതൃകയുമെല്ലാം അതുപോലെ സ്വീകരിച്ചാണ് ബസ് നിർമിച്ചിരിക്കുന്നത്. ബസിൽ 52 പേർക്കുള്ള യാത്രാ സൗകര്യമുണ്ട്.