കോഴിക്കോട് : കൂടരഞ്ഞി പൂവാറൻ തോട് തമ്പുരാൻ കൊല്ലിക്ക് സമീപം ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങി.തമ്പുരാൻ കൊല്ലി കല്ലൻപുല്ല് ഭാഗങ്ങളിലാണ് ഇന്ന് പുലർച്ചയോടെ കാട്ടാനയുടെ ആക്രമണം ഉണ്ടായത്.
വനത്തിൽ നിന്നും ഏതാണ്ട് ഒരു കിലോമീറ്റർ അകലത്തിലാണ്
തമ്പുരാൻകൊല്ലി, കല്ലൻപുല്ല് മേഖല.
വെള്ളരിമലയോട് ചേർന്നുള്ള ഇവിടെ നിരവധിതവണ കാട്ടാനകളുടെയും പുലിയുടെയും
ആക്രമണങ്ങൾ ഉണ്ടായിരുന്നു.അതിനിടയിലാണ് ഇന്ന് പുലർച്ചെ വീണ്ടും ജനവാസ മേഖലയിലേക്ക് കാട്ടാന ഇറങ്ങിയത്.
കാട്ടാന ഇറങ്ങിയതോടെ ഈ ഭാഗത്തെ നിരവധി കർഷകരുടെ കൃഷിയാണ് വ്യാപകമായി നശിപ്പിച്ചത്.
വാഴ കൃഷിയും, കവുങ്ങും, ജാതിയും,കൊക്കോയുംഉൾപ്പെടെ എല്ലാകൃഷിയും
ആന ഇറങ്ങി മണിക്കൂറുകൾക്കകം നശിപ്പിക്കപ്പെട്ടു.
ശബ്ദം കേട്ട് പ്രദേശവാസികൾ വീടിന് പുറത്തിറങ്ങിയപ്പോഴാണ് കാട്ടാനഇറങ്ങിയ കാര്യം ശ്രദ്ധയിൽപ്പെട്ടത്.
തുടർന്ന് പാട്ട കൊട്ടിയും, ബഹളം വെച്ചും, ടോർച്ച് തെളിയിച്ചും ഏറെനേരം ശ്രമിച്ചതോടെ കാട്ടാന മെല്ലെ കാട്ടിലേക്ക് തിരിച്ചു പോവുകയായിരുന്നു.
കാട്ടാന ഇറങ്ങി മണിക്കൂറുകൾക്കകം വലിയ നാശനഷ്ടമാണ്
ഈ ഭാഗത്തെ ആദിവാസികൾ ഉൾപ്പെടെയുള്ള കർഷകർക്ക് ഉണ്ടായത്.
വലിയ പ്രതീക്ഷയോടെ ചെയ്ത കൃഷികളാണ് കാട്ടാന നശിപ്പിച്ചത്.
സാധാരണയായി രാത്രിയിൽ ഇറങ്ങുന്ന ആനയെ കാടുകയറ്റി വിട്ടു കഴിഞ്ഞാൽ പിന്നീട് വീണ്ടുംഅടുത്തദിവസം രാത്രിയിൽ ഇറങ്ങുന്ന പതിവുണ്ട്.
ഇതോടെ ഇന്നു രാത്രിയുംവീണ്ടും കാടുകയറിയ ആന തിരികെ എത്തുമോ എന്ന ഭയാശങ്കയിലാണ് തമ്പുരാൻകൊല്ലിയിലെ പ്രദേശവാസികൾ.
അതേസമയം പൂവാറൻ തോട്ജനവാസ മേഖലയിൽ ഒരു മാസം മുമ്പ് പുലി ഇറങ്ങിയിരുന്നു.
ഇതിൻ്റെ സിസിടിവി ദൃശ്യം അന്നുതന്നെ പുറത്തുവന്നു.
അതിനുശേഷം ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പുലിയെ പിടികൂടാൻ അന്നുമുതൽ ഇരയെയും വെച്ച് കാത്തിരുന്നെങ്കിലും ഇപ്പോഴും പുലി കൂട്ടിൽ കുടുങ്ങിയിട്ടില്ല.കഴിഞ്ഞ ആഴ്ചയും ഈ ഭാഗത്ത് നാട്ടുകാർ പുലിയെ കണ്ടിരുന്നു.
ഏതായാലും പുലിയും ആനയും സ്ഥിരമായി ഇറങ്ങാൻ തുടങ്ങിയതോടെ
പൂവാറൻതോട് മേഖലയിലെ ജനങ്ങൾക്ക് രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഭയപ്പാടില്ലാതെ പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യമാണ് ഉള്ളത്.അതുകൊണ്ടുതന്നെ വനം വകുപ്പ് അധികൃതരുടെ നേതൃത്വത്തിൽ
വന്യമൃഗ ശല്യം പരിഹരിക്കാനാവശ്യമായ നടപടികൾ ഉണ്ടാവണം എന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.