കോഴിക്കോട്:
21 ജൂലൈ 2025
താമരശേരി താലൂക്ക് ആശുപത്രിയില്‍ രോഗികള്‍ക്ക് കേടായ മരുന്ന് നൽകിയ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.
കൂടാതെ താമരശേരി താലൂക്ക് ആശുപത്രി സൂപ്രണ്ട് രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കുകയും വേണം.ജൂലൈ 29ന് കോഴിക്കോട് നടക്കുന്ന സിറ്റിംങ്ങില്‍ കേസ് പരിഗണിക്കുമെന്നും മനുഷ്യാവകാശ കമ്മീഷൻ വ്യക്തമാക്കി. ജൂലൈ 10,11 തിയതികളിലാണ് പൂനൂർ സ്വദേശി പ്രഭാകരനും മകനും രണ്ട് തവണ ഉപയോഗശൂന്യമായ മരുന്നുകള്‍ലഭിച്ചത്.
വടകരയില്‍ ബാര്‍ബര്‍ ഷോപ്പ് നടത്തിപ്പുകാരനായ പൂനൂര്‍ സ്വദേശി പ്രഭാകരന്‍ വാഹനാപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്നാണ് ജൂലൈ പത്തിന് താമരശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്. ഡോക്ടര്‍ നല്‍കിയ കുറുപ്പടി അനുസരിച്ച് ആശുപത്രിയിലെ നീതി ലാബില്‍ നിന്ന് ഗുളികളും ലഭിച്ചു. വീട്ടിലെത്തി മരുന്നുകള്‍ തുറന്ന് നോക്കുമ്പോഴാണ് ഗുളികകളില്‍ കറുത്ത പൂപ്പല്‍ പോലുള്ള വസ്തുക്കള്‍ കാണുന്നത്.തുടര്‍ന്ന് തൊട്ടടുത്ത ദിവസം പ്രഭാകരനും മകനും ആശുപത്രിയില്‍ എത്തുകയും മരുന്ന് മാറ്റി വാങ്ങുകയും ചെയ്തു. അതോടൊപ്പം മകന്റെ അലര്‍ജിക്കുള്ള ചികിത്സയും തേടി. മകന് ലഭിച്ച മരുന്നുകള്‍ രാത്രി കഴിക്കാനായി തുറന്നപ്പോഴാണ് വീണ്ടും ഉപയോഗശൂന്യമായ മരുന്നാണ് എന്ന് മനസിലായത്.
2026 വരെ കാലാവധി ഉള്ള മരുന്നുകളാണ് പ്രഭാകരനും മകനും ലഭിച്ചത്. ഒരു ബാച്ചിലെ മുഴുവൻ മരുന്നുകളും നശിച്ചതാണോ എന്ന് പരിശോധിക്കണം എന്നാണ് കുടുംബത്തിന്റെ ആവശ്യം.എന്നാല്‍ ഔദ്യോഗികമായ ഒരു പരാതിയും ലഭിച്ചിട്ടില്ല എന്നാണ് ആശുപത്രി അധികൃതർ നല്‍കിയ വിശദീകരണം. വിഷയത്തില്‍ ഡിഎംഒ അടക്കമുള്ളവര്‍ക്ക് പരാതി നല്‍കുമെന്ന് കുടുംബം വ്യക്തമാക്കിയിരുന്നു.