മെഡിക്കൽ കോളേജിൽ പ്രസവ ശസ്ത്രക്രിയക്കിടയിൽ ഡോക്ടർമാരുടെ ഗുരുതര ചികിത്സ പിഴവിന് ഇരയായ ഹർഷിന വീണ്ടും സമരവുമായി രംഗത്തിറങ്ങി.തനിക്ക് നീതി ഉറപ്പാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട്
സമരസമിതിയുടെ സഹകരണത്തോടെ കോഴിക്കോട് ജില്ലാ കലക്ടർ ഓഫീസിനു മുൻപിലാണ് ഏകദിന സത്യാഗ്രഹ സമരം നടത്തിയത്.
കലക്ടറേറ്റ് ഓഫീസിനു മുൻപിൽ നടന്ന സത്യാഗ്രഹ സമരത്തിൽ ഹർഷിനക്ക് പിന്തുണയുമായി
നിരവധി പേരാണ് സമരപ്പന്തലിൽ എത്തിയത്.
സത്യാഗ്രഹ സമരം മുൻ കെപിസിസി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ഒൻപത് തവണ സർജറി നടത്തിയപ്പോൾ ഹർഷിനക്ക് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നൽകി എന്നു പറഞ്ഞാൽ രാജ്യത്തെ ഇരകളായ മുഴുവൻ പേരെയും അപമാനിക്കുന്നതിന് തുല്യമാണെന്ന്
ഉദ്ഘാടന പ്രസംഗത്തിൽ മുല്ലപ്പള്ളി രാമചന്ദ്രൻ പരിഹസിച്ചു.
ആഡംബര ജീവിതത്തിനു വേണ്ടിയും ധൂർത്തിനു വേണ്ടിയും കോടിക്കണക്കിന് രൂപയാണ് സർക്കാർ ഖജനാവിൽ നിന്നും ചിലവഴിക്കുന്നത്.
പാവങ്ങളോട് കരുണ കാട്ടാത്ത ഭരണകൂടമാണ് ഇപ്പോഴുള്ളത് എന്ന അപഖ്യാതിഇപ്പോൾ നിലവിലുണ്ട്. ഇക്കാര്യം നിഷേധിക്കാൻ മുഖ്യമന്ത്രി തയ്യാറാകുമോ എന്നും മുൻ കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടന പ്രസംഗത്തിൽചോദിച്ചു.
അതേസമയം സർക്കാരിൻ്റെ നീതി നിഷേധത്തിനെതിരെയാണ് ഇപ്പോൾ നടക്കുന്ന സമരം എന്ന് ഹർഷിന പറഞ്ഞു. സംഭവത്തിൽ രണ്ട് ഡോക്ടർമാരെയും നേഴ്സുമാരെയും പ്രതിയാക്കി പോലീസ് കേസെടുത്തിരുന്നു. നിലവിൽ കുന്ദമംഗലം കോടതിയിൽ വിചാരണ നടക്കാനിരിക്കെ ഹൈക്കോടതി ഈ കേസിൻ്റെ നടപടിക്രമങ്ങൾ സ്റ്റേ ചെയ്തിട്ടുണ്ട്.അതിനിടയിലാണ് സമരസമിതിയുടെ സഹകരണത്തോടെ ഹർഷിന വീണ്ടും സമരരംഗത്തേക്ക് എത്തിയത്.