വലിയ തോതിൽ
ചർച്ചകൾനടക്കുന്നു.
132 കോടി ലഭിച്ചെന്ന് എം എൽ എ
പറയുമ്പോൾ
പതിമൂന്ന് കോടി മാത്രമാണ് ലഭിച്ചതെന്ന് ഇത്തവണ കുന്ദമംഗലത്ത് യുഡിഎഫ് സ്ഥാനാർത്ഥിയാകും എന്ന് പ്രതീക്ഷിക്കുന്ന
പി കെ ഷറഫുദ്ദീൻ
തെളിവ് സഹിതം
സമർത്ഥിക്കുന്നു.
സംസ്ഥാന ബജറ്റിൽ കുന്ദമംഗലം നിയോജകമണ്ഡലത്തിലെ വിവിധ പദ്ധതികൾക്ക് 132 കോടി രൂപ വകയിരുത്തി എന്ന
പി ടി എ റഹീം എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ മുസ്ലിം ലീഗ് നേതാവും
ഇത്തവണ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയാകുമെന്ന് പ്രതീക്ഷിക്കുന്ന
പി കെ ഷറഫുദ്ദീൻ രംഗത്ത് വന്നു. ബജറ്റിൽ വെറും 13 കോടിയുടെ പദ്ധതികൾ മാത്രമാണുള്ളതെന്നും തെരഞ്ഞെടുപ്പ് മുമ്പിൽ കണ്ട് ജനങ്ങളെ കബളിപ്പിക്കാനാണ്
എം എൽ എ ശ്രമിക്കുന്നത് എന്നുമാണ് പെരുവയൽ ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട് കൂടിയായ പി കെ ഷറഫുദ്ദീന്റെ പോസ്റ്റ്. അടങ്കൽ തുകയുടെ 20% എങ്കിലും വകയിരുത്തിയ പദ്ധതികൾക്ക് മാത്രമാണ് അംഗീകാരം ലഭിക്കുക. നൂറ് രൂപ ടോക്കൺ തുക മാത്രം ചേർത്ത പദ്ധതികൾ നടപ്പാകാറില്ല. കുന്ദമംഗലം ബൈപ്പാസ് , പെരുമണ്ണ ബൈപ്പാസ് , കുറ്റിക്കടവ് പാലം, മാമ്പുഴ പാലം, വെള്ളായിക്കോട് പാലം, മണക്കടവ് പാലം തുടങ്ങി പതിനാല് പദ്ധതികൾക്ക് ടോക്കൺ തുക മാത്രമാണ് കാണിച്ചിട്ടുള്ളത്. ഇത്തരം പദ്ധതികൾ നടപ്പാക്കാൻ ഒരു സാധ്യതയും ഇല്ലാത്തതിനാൽ മുൻ വർഷങ്ങളിൽ എംഎൽഎ തൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ ഈ ലിസ്റ്റിൽ ഉൾപ്പെട്ടവ സൂചിപ്പിക്കാറില്ല. എന്നാൽ തെരഞ്ഞെടുപ്പ് വർഷമായതിനാൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് എംഎൽഎ ശ്രമിക്കുന്നത് എന്നും ആരോപിക്കുന്നു.
പോസ്റ്റിൻ്റെ പൂർണ്ണരൂപം:
കുന്ദമംഗലം നിയോജകമണ്ഡലത്തിൽ 132 കോടിയുടെ പദ്ധതികൾക്ക് 2026- 27 സംസ്ഥാന ബജറ്റിൽ തുക വകയിരുത്തി എന്ന അഡ്വ. പി ടി എ റഹീം എം എൽ എ യുടെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധിക്കാനിടയായി. പദ്ധതികളുടെ ലിസ്റ്റും അദ്ദേഹം ചേർത്തിട്ടുണ്ട്. മണ്ഡലത്തിൽ ഇത്രയേറെ പദ്ധതികൾ ലഭിച്ചതിന്റെ സന്തോഷത്തോടെ ബജറ്റ് രേഖകൾ പരിശോധിച്ചപ്പോൾ (ബഡ്ജറ്റ് എസ്റ്റിമേറ്റുകളുടെ അനുബന്ധം II , വാല്യം II) വെറും 13 കോടിയുടെ പദ്ധതികൾ മാത്രമാണ് അതിൽ കണ്ടെത്താൻ സാധിച്ചത്. മറ്റുള്ളവയെല്ലാം വെറും നൂറ് രൂപ ടോക്കൺ തുക വെച്ചുള്ള പദ്ധതികളാണ്. ഇത്തരം ടോക്കൺ തുക പദ്ധതികൾ ബജറ്റ് കാലയളവിൽ നടപ്പാകാറില്ല. മൊത്തം അടങ്കലിൻ്റെ 20% എങ്കിലും തുക വകയിരുത്തിയ പ്രവൃത്തികളുടെ എസ്റ്റിമേറ്റ് മാത്രമെ ധനവകുപ്പിന് സമർപ്പിക്കാൻ പാടുള്ളു എന്നാണ് ബജറ്റ് കുറിപ്പിൽ തന്നെ വ്യക്തമാക്കുന്നത്.
അതിനാൽ തന്നെ ഒരു എംഎൽഎമാരും നൂറ് രൂപ ടോക്കൺ തുക വെച്ച പദ്ധതികളെ കുറിച്ച് പ്രഖ്യാപനം നടത്താറില്ല. മുൻ വർഷങ്ങളിൽ ഇത്തരം തുക വെച്ച പദ്ധതികൾ പി ടി എ റഹീം എംഎൽഎയും ഫേസ്ബുക്കിൽ കുറിച്ചിട്ടില്ല. എന്നാൽ തെരഞ്ഞെടുപ്പ് വർഷമായതിനാൽ ജനങ്ങളെ കബളിപ്പിക്കുന്ന രീതിയിലാണ് ബജറ്റിൽ തുക വകയിരുത്തി എന്നുള്ള രീതിയിൽ എംഎൽഎയുടെ പ്രചരണം. ഒന്നര പതിറ്റാണ്ടായി ജനങ്ങൾ ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങൾക്ക് പരിഹാരം കാണാൻ കഴിയാത്ത സാഹചര്യത്തിൽ, ബജറ്റിൽ തുക വെക്കാതെ പ്രഖ്യാപനം മാത്രം നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനുള്ള ശ്രമമാണ് ഇതിലൂടെ നടത്തിയിട്ടുള്ളത്. ഈ പദ്ധതികളെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജനം യാഥാർത്ഥ്യം തിരിച്ചറിയുമ്പോഴേക്കും തെരഞ്ഞെടുപ്പ് കഴിഞ്ഞിരിക്കും എന്നതാണ് എംഎൽഎയുടെ കണക്കു കൂട്ടൽ. ധനകാര്യ മന്ത്രി സംസ്ഥാനത്തെ കബളിപ്പിച്ച പോലെ മണ്ഡലം തലത്തിലുള്ള ഈ കബളിപ്പിക്കൽ ഒഴിവാക്കാമായിരുന്നു എന്നാണ് അഭിപ്രായം.
ബജറ്റിൽ തുക വകയിരുത്തി എന്ന് എംഎൽഎ അവകാശപ്പെടുന്നതും ബജറ്റ് രേഖകളിൽ നൂറ് രൂപ മാത്രം ടോക്കൺ തുക നീക്കിവെച്ചിട്ടുളളതുമായ പദ്ധതികൾ താഴെ ചേർക്കുന്നു. (അനുബന്ധം II , വാല്യം II ലെ ക്രമനമ്പറും ചേർത്തിട്ടുണ്ട്)
❌345 : മണക്കടവ് പാലം
❌2068 : കുറ്റിക്കടവ് പാലം
❌2171 : വെള്ളായിക്കോട് പാലം
❌1313 :കുന്നമംഗലം ബൈപ്പാസ് നിർമ്മാണം
❌ 1313 പെരുമണ്ണ ബൈപ്പാസ് നിർമ്മാണം
❌2667 : വെള്ളിപറമ്പ് ഉമ്മളത്തൂർതാഴം റോഡ് വീതി കൂട്ടൽ (സ്ഥലമെടുപ്പ് ഉൾപ്പെടെ)
❌ 962 : ചാത്തമംഗലം ഗവ. ഐ.ടി.ഐ കെട്ടിടം
❌2708 : ആർ.ഇ.സി മുത്തേരി റോഡ് (ബാലൻസ് വർക്ക്)
❌745 : തെങ്ങിലക്കടവ് കണ്ണിപറമ്പ് കഴുത്തൂട്ടിമുക്ക് റോഡ്
❌1226 : കുന്നമംഗലം ഗവ. കോളേജ് റോഡ് സ്ഥലമെടുപ്പ്
❌1429 ഓൾഡ് പുത്തൂർ മഠം റോഡ് നിയർ കണ്ണംചിഹ്നം പാലം
❌1085 :കണ്ണൻകുഴി വടക്കയിൽ തൂക്കുപാലം എക്രോസ് പൂനൂർ റിവർ
❌2457 : മാമ്പുഴ പാലം
❌1788 : കൽപ്പള്ളി പാലം