Responsive Advertisement
Responsive Advertisement
കോഴിക്കോട്:കേരളത്തിന്റെ ഭാവി വികസന സാധ്യതകളെക്കുറിച്ച് ഗൗരവതരമായ ചർച്ചകൾക്ക് വേദിയൊരുക്കി കേരള മുസ്‌ലിം ജമാഅത്ത് വികസന സെമിനാർ. 'മനുഷ്യർക്കൊപ്പം' എന്ന പ്രമേയത്തിൽ 2026 ജനുവരി 1 മുതൽ 16 വരെ നടന്ന കേരളയാത്രയുടെ തുടർച്ചയായാണ് കോഴിക്കോട് 
കെ.പി. കേശവമേനോൻ ഹാളിൽ സെമിനാർ നടത്തിയത് .യാത്രക്കിടെ വിവിധ ജില്ലകളിലെ ജനപ്രതിനിധികൾ, രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ എന്നിവരുമായി നടത്തിയ സംവാദങ്ങളിൽ നിന്ന് രൂപപ്പെട്ട വികസന നിർദ്ദേശങ്ങളാണ് സെമിനാറിൽ ചർച്ചയായത്. സെമിനാറിൻ്റെ
ഉദ്ഘാടനം മുൻ മന്ത്രി ഡോ:തോമസ് ഐസക് നിർവ്വഹിച്ചു.
മനുഷ്യക്ഷേമത്തിന് മുൻഗണന നൽകുന്ന വികസനരേഖയിലെ കാഴ്ചപ്പാട് ഏറെ പ്രസക്തമാണെന്ന് 
 ഡോ. തോമസ് ഐസക് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
കേരളം രാജ്യത്തെ മെച്ചപ്പെട്ട സംസ്ഥാനമാണെങ്കിലും വികസനത്തിന്റെ പൂർണ്ണഫലം ഇനിയും കൈവരിക്കാനുണ്ട്. മുപ്പത് ലക്ഷത്തോളം അതിഥി തൊഴിലാളികളുള്ള കേരളത്തിൽ, നമ്മുടെ ഉന്നത വിദ്യാഭ്യാസം നേടിയ യുവാക്കൾക്ക് അനുയോജ്യമായ തൊഴിൽ നൽകാൻ സാധിക്കുന്നില്ല എന്നത് വെല്ലുവിളിയാണ്. കേരളത്തിന്റെ മതനിരപേക്ഷ അന്തരീക്ഷം നിലനിർത്തേണ്ടത് വികസനത്തിന് അത്യന്താപേക്ഷിതമാണെന്നും വർഗീയതക്കെതിരെയുള്ള വികസനരേഖയിലെ കർശനമായ നിലപാടുകൾ ശ്ലാഘനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ കാന്തപുരം
എ പി അബൂബക്കർ മുസ്ലിയാർ അധ്യക്ഷത വഹിച്ചു.
വികസനം എന്നത് കേവലം കെട്ടിടങ്ങളിലോ റോഡുകളിലോ മാത്രം ഒതുങ്ങേണ്ട ഒന്നല്ലെന്നും, ഓരോ മനുഷ്യനും അറിവും വസ്ത്രവും പാർപ്പിടവും സമാധാനപരമായ ജീവിതവും ഉറപ്പുവരുത്തുന്നതാണ് യഥാർത്ഥ വികസനമെന്നും കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ വ്യക്തമാക്കി.
ഭൗതിക വികസനത്തിനൊപ്പം മനുഷ്യവികസനത്തിന് രേഖയിൽ നൽകിയിട്ടുള്ള ഊന്നൽ ഏറെ ശ്രദ്ധേയമാണെന്ന് മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടർ ജോസ് പനച്ചിപ്പുറം പറഞ്ഞു. സന്തോഷ സൂചികയിൽ നമ്മുടെ രാജ്യം ഇന്നും പിന്നിലാണെന്നും, അഴിമതിക്കും ലഹരിക്കുമെതിരെ ശക്തമായ പ്രതിരോധം തീർക്കേണ്ടതുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. 
ഭരണപക്ഷം കൊണ്ടുവരുന്ന ഗുണപരമായ കാര്യങ്ങളെ പിന്തുണയ്ക്കാൻ പ്രതിപക്ഷത്തിന് കഴിയണമെന്നും, അത്തരം ക്രിയാത്മകമായ രാഷ്ട്രീയ ശൈലിയാണ് നാടിനാവശ്യമെന്നും ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺ കുമാർ അഭിപ്രായപ്പെട്ടു. കേരളയാത്രയുടെ അന്തസ്സത്ത ഉൾക്കൊണ്ട് തയ്യാറാക്കിയ വികസനരേഖ വലിയൊരു മുതൽക്കൂട്ടാണെന്ന് 
ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ് അസോസിയേറ്റ് എഡിറ്റർ എം.പി. പ്രശാന്ത് പറഞ്ഞു. വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ കർശന നടപടി വേണമെന്ന യാത്രയിലെ കാന്തപുരത്തിന്റെ പ്രസ്താവനയെ അദ്ദേഹം സ്വാഗതം ചെയ്തു.
സിറാജ് എഡിറ്റർ മുസ്തഫ എറക്കൽ, കേരള മുസ്‌ലിം ജമാഅത്ത് സെക്രട്ടറിമാരായ പേരോട് അബ്ദുറഹ്മാൻ സഖാഫി, എൻ. അലി അബ്ദുള്ള, മീഡിയ കോർഡിനേറ്റർ എസ്. ശറഫുദ്ദീൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ വികസനരേഖ ജോസ് പനച്ചിപ്പുറം ഡോ. തോമസ് ഐസക്കിന് സമർപ്പിച്ചു.