Responsive Advertisement
Responsive Advertisement
കോഴിക്കോട്: പൊതുപ്രവർത്തനത്തിൻ്റെ മികച്ച മാതൃകയായിരുന്നു ഡോ. സുകുമാർ അഴീക്കോടെന്ന് മുൻ ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻ പിള്ള. നിർഭയനായി പൊതുരംഗത്ത് പ്രശോഭിച്ചിരുന്ന അദ്ദേഹത്തിൻ്റെ നഷ്ടം ഇപ്പോഴും നികത്താനായിട്ടില്ലെന്നും ശ്രീധരൻ പിള്ള പറഞ്ഞു. ഡോ. സുകുമാർ അഴീക്കോട് സ്മാരക ട്രസ്റ്റ് കോഴിക്കോട് ടൗൺഹാളിൽ സംഘടിപ്പിച്ച സുകുമാർ അഴീക്കോട് ജൻമ ശതാബ്ദി ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
അധികാരം ലഹരിയായി കൊണ്ടുനടക്കുന്ന ഇന്നത്തെ കാലത്ത് നിസ്വാർത്ഥമായി സേവനം നടത്തിയിരുന്ന ആളായിരുന്നു അഴിക്കോട്. അനീതിയെ എഴുത്തിലും പ്രസംഗത്തിലും എതിർക്കാനുള്ള ശ്രമമാണ് അഴീക്കോട് നടത്തിയത്. കർമ്മപഥത്തിൽ നീതിബോധത്തിൻ്റെ അടിത്തറ ധർമ്മ നിഷ്ഠയാണെന്ന് വിശ്വസിച്ചിരുന്ന ആളായിരുന്നു അദ്ദേഹം. മുഖം നോക്കാതെ അഭിപ്രായം പറയാനുള്ള ചങ്കൂറ്റമാണ് അദ്ദേഹത്തെ വേറിട്ടുനിർത്തിയതെന്നും ശ്രീധരൻ പിള്ള പറഞ്ഞു.
അഴിക്കോട് സ്മാരക പുരസ്കാരം ഡോ. എം.എൻ കാരശ്ശേരിക്ക് ട്രസ്റ്റ് ചെയർമാൻ ആചാര്യ എ.കെ. ബി നായരും പ്രശസ്തി പത്രം വൈസ് ചെയർമാൻ 
ഡോ. കെ. മൊയ്തുവും സമ്മാനിച്ചു. ആചാര്യ എ.കെ. ബി നായർ അധ്യക്ഷത വഹിച്ചു. ഡോ. എം.എൻ കാരശ്ശേരി മറുപടി പ്രസംഗം നടത്തി.
 മത സൗഹാർദത്തിനു വേണ്ടി പ്രവർത്തിച്ച ആളായിരുന്നു അഴിക്കോടെന്ന് ഡോ. എം.എൻ കാരശ്ശേരി പറഞ്ഞു. ഗാന്ധിയൻ ആദർശങ്ങൾ മുറുകെ പിടിച്ച അദ്ദേഹം എല്ലാ മതങ്ങളെയും ഒരു പോലെയാണ് കണ്ടതെന്നും കാരശ്ശേരി അഭിപ്രായപ്പെട്ടു. ട്രസ്റ്റ് വർക്കിംഗ് ചെയർമാൻ പി.ഗംഗാധരൻ നായർ അനുസ്മരണ പ്രഭാഷണം നടത്തി.ദേവഗിരി കോളജ് വൈസ് പ്രിൻസിപ്പൽ ഫാ. സുനിൽ ജോസ്, ട്രസ്റ്റ് ജനറൽ സെക്രട്ടറി ആറ്റക്കോയ പള്ളിക്കണ്ടി, സംഘാടക സമിതി കൺവീനർ എം.ജയതിലകൻ എന്നിവർ സംസാരിച്ചു.