Responsive Advertisement
Responsive Advertisement
കോഴിക്കോട്: മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായ കെ.പി. ഉണ്ണികൃഷ്ണൻ അന്തരിച്ചു. 90 വയസായിരുന്നു.
വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. സംസ്കാരം നാളെ രാവിലെ ഒൻപത് മണിക്ക് നടക്കും.
കുവൈത്ത് - ഇറാഖ് യുദ്ധത്തില്‍ കുവൈത്തില്‍ കുടുങ്ങിയ ഒന്നര ലക്ഷത്തോളം ഇന്ത്യക്കാരെ നാട്ടിലെത്തിച്ചതാണ് കെ.പി. ഉണ്ണികൃഷ്ണൻ്റെ രാഷ്‌ട്രീയ ജീവിതത്തിലെ തിളക്കമുള്ള അധ്യായം. സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിലൂടെയാണ് രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കം. 1959ല്‍ സോഷ്യലിസ്റ്റ് പാർട്ടിയില്‍ നിന്നും രാജിവച്ച്‌ കോണ്‍ഗ്രസില്‍ ചേർന്നു. 1971ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാർഥിയായി വടകരയില്‍ മത്സരിച്ചു മത്സരിച്ചു ജയിച്ച ഉണ്ണികൃഷ്ണൻ 1977, 1980, 1984, 1989, 1991 വർഷങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പിലും ലോക്സഭയില്‍ വടകരയുടെ പ്രതിനിധിയായി. നീണ്ട 25 വർഷം വടകര എംപിയായി പ്രവർത്തിച്ചു.1989ല്‍ വി.പി. സിംഗ് മന്ത്രിസഭയില്‍ ഉപരിതല ഗതാഗതം, കമ്മ്യൂണിക്കേഷൻ എന്നീ വകുപ്പുകളുടെ ചുമതലയുള്ള കേന്ദ്രമന്ത്രിയായിരുന്നു അദ്ദേഹം.അടിയന്തിരാവസ്ഥക്കാലത്ത് ഇന്ദിരാ ഗാന്ധിക്കെതിരെയും, ബോഫോഴ്സ് കേസില്‍ രാജീവ് ഗാന്ധിക്കെതിരെയും നിലപാടെടുത്ത ദേശീയ നേതാവാണ് അദ്ദേഹം. മാതൃഭൂമി ഡല്‍ഹി ലേഖകനായും പ്രവർത്തിച്ചിട്ടുണ്ട്. മികച്ച നയതന്ത്രജ്ഞനും വാഗ്മിയുമായ ഉണ്ണികൃഷ്ണൻ ഐക്യരാഷ്ട്രസഭ അടക്കമുളള അന്താരാഷ്ട്രവേദികളില്‍ രാജ്യത്തെ പ്രതിനിധീകരിച്ച്‌ പങ്കെടുത്തിട്ടുണ്ട്.