നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാർത്തകള്‍ തള്ളി കൊല്ലപ്പെട്ട യെമൻ പൗരൻ തലാലിന്റെ സഹോദരൻ രംഗത്ത് വന്നു.ഒരു കൊലപാതകത്തിന് മാപ്പ് തേടാനോ, അതിന്റെ ക്രൂരത മറക്കാനോ മതം പറയുന്നില്ലെന്ന് തലാലിന്റെ സഹോദരൻ അബ്ദുല്‍ ഫത്താഹ് മഹ്ദി ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ചൂണ്ടിക്കാട്ടി. വധശിക്ഷ റദ്ദാക്കിയെന്ന വാർത്ത നിഷേധിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കു വെച്ചു. കാന്തപുരം തന്നെ ബന്ധപ്പെട്ട സംഘടന ഏതെന്ന് വ്യക്തമാക്കണമെന്നും അബ്ദുല്‍ ഫത്താഹ് മഹ്ദി ആവശ്യപ്പെടുന്നുണ്ട്.
ഞങ്ങള്‍ അത് തള്ളിക്കളയുന്നു. ഇത്തരം കള്ളവാർത്തകള്‍ വീണ്ടും പ്രചരിപ്പിക്കരുത്. ഏത് ടെലിവിഷൻ ചാനലായാലും ഞങ്ങളുമായി നേരിട്ട് ബന്ധിപ്പിക്കണമെന്നാവശ്യപ്പെടുന്നു, ഞങ്ങള്‍ സത്യം പറയും.
നമ്മുടെ ഇസ്ലാം മതം, മനുഷ്യത്വം നഷ്ടപ്പെട്ട കൊലപാതകിയോട് ദയ കാണിക്കാനുള്ള വ്യാഖ്യാനങ്ങളെയും നീതികേടായ പരിതാപങ്ങളെയും തള്ളിപ്പറയുന്നു. ഒരു കൊലപാതകത്തിന് മാപ്പ് തേടാനോ, അതിന്റെ ക്രൂരത മറക്കാനോ മതം പറയുന്നില്ല. അതുപോലെ തന്നെ, നമ്മുടെ യെമനിലെ ഭരണഘടനയും നീതിവ്യവസ്ഥയും നീതിയുള്ള ഇസ്ലാം മതത്തിനെ അടിസ്ഥാനമാക്കിയുള്ളതാണ്. അതിനാല്‍ തന്നെ, കോടതി കൊലയാളിക്ക് വിധിച്ച ശിക്ഷയെ മാനിക്കേണ്ടത് കടമയാണ്അതില്‍ അലംഭാവം കാണിക്കാനാകില്ലെന്നും അബ്ദുല്‍ ഫത്താഹ് മഹ്ദി ഫേസ്ബുക്കില്‍ കുറിച്ചു.
യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ ഓഫീസാണ് കഴിഞ്ഞ ദിവസം അറിയിച്ചത്. യെമന്റെ തലസ്ഥാനമായ സനായില്‍ നടന്ന ഉന്നത തലയോഗത്തിലാണ് ഇതുസംന്ധിച്ച തീരുമാനം ഉണ്ടായതെന്നായിരുന്നു പുറത്തുവരുന്ന റിപ്പോർട്ടുകള്‍. അതേസമയം, കേന്ദ്രസർക്കാർ ഈ വാർത്ത സ്ഥിരീകരിച്ചിരുന്നില്ല. നേരത്തെ താൽകാലികമായി നീട്ടിവെച്ച വധശിക്ഷയാണ് ഇപ്പോള്‍ പൂർണമായി റദ്ദ് ചെയ്തിരിക്കുന്നത് എന്നാണ് കാന്തപുരത്തിന്റെ ഓഫീസ് വ്യക്തമാക്കുന്നത്.ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയുടെ ആവശ്യപ്രകാരം ശൈഖ് ഉമർ ഹഫീള് തങ്ങള്‍ നിയോഗിച്ച യമൻ പണ്ഡിത സംഘത്തിനു പുറമെ നോർത്തേണ്‍ യെമനിലെ ഭരണാധികാരികളും അന്താരാഷ്ട്ര നയതന്ത്ര ഉദ്യോഗസ്ഥരും പങ്കെടുത്ത മധ്യസ്ഥ ചർച്ചകളിലാണ് തീരുമാനം കൈക്കൊണ്ടത് എന്നാണ് ഓഫീസില്‍നിന്നും പുറത്തുവരുന്ന വിവരം.
വധശിക്ഷ റദ്ദാക്കിയ ശേഷമുള്ള മറ്റു കാര്യങ്ങള്‍ തുടർ ചർച്ചകളുടെ അടിസ്ഥാനത്തില്‍ തീരുമാനിക്കാൻ ധാരണയായി. കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായുള്ള തുടർ ചർച്ചകള്‍ക്ക് ശേഷമായിരിക്കും മറ്റു കാര്യങ്ങള്‍ തീരുമാനിക്കുക എന്നീ വിവരങ്ങളാണ് കാന്തപുരത്തിന്റെ ഓഫീസ് പങ്കുവെച്ചത്. നേരത്തെ ജൂലായ് 16 ന് നിശ്ചയിച്ച നിമിഷ പ്രിയയുടെ വധശിക്ഷ കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ ഇടപെടലിനെ തുടർന്ന് താത്കാലികമായി നീട്ടിവെച്ചിരുന്നു. രണ്ടാം ഘട്ട ചർച്ചകള്‍ക്ക് കേന്ദ്ര സർക്കാർ നിയോഗിക്കുന്ന നയതന്ത്ര പ്രതിനിധികള്‍കൂടി പങ്കെടുക്കണമെന്നും കാന്തപുരം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ വാദങ്ങളെല്ലാം കേന്ദ്രസർക്കാർ നേരത്തെ തള്ളിയിരുന്നു.അതിനിടയിലാണ് ഇപ്പോൾ നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായുള്ള വിവരം പുറത്തുവരുന്നത്.