22 ജൂലൈ 2025
അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വിഎസ് അച്യുതാനന്ദനെ അനുസ്‌മരിച്ച് മലയാള സിനിമാ താരങ്ങള്‍. അച്യുതാനന്ദന്‍റെ വിടവാങ്ങലില്‍ സാമൂഹ്യ രാഷ്‌ട്രീയ സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ ഉള്‍പ്പെടെ നിരവധി പേരാണ് അനുശോചനം രേഖപ്പെടുത്തിയത്.
പ്രിയപ്പെട്ട സഖാവിന് കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലികള്‍ എന്നാണ് മോഹന്‍ലാലിന്‍റെ പ്രതികരണം.ഫെയ്സ്ബുക്കിലൂടെയായിരുന്നു മോഹന്‍ലാലിന്‍റെ പ്രതികരണം. മലയാളികളുടെ മനസ്സില്‍ വിഎസിന് മരണമില്ലെന്നും അദ്ദേഹം ഫേസ്‌ബുക്കില്‍ കുറിച്ചു.ജീവിതം തന്നെ സമരമാക്കിയ ജനനായകന്‍, പ്രിയപ്പെട്ട സഖാവ് വി.എസിന് കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലികള്‍. സാധാരണക്കാരുടെ പ്രതീക്ഷയും, പ്രത്യാശയുമായി തിളങ്ങി നിന്ന ആ മഹത് വ്യക്‌തിത്വവുമായി എക്കാലത്തും സ്നേഹബന്ധം പുലര്‍ത്താനായത് ഭാഗ്യമായി ഞാന്‍ കാണുന്നു. മൂന്ന് തവണ പ്രതിപക്ഷ നേതാവായും, ഒരു തവണ മുഖ്യമന്ത്രിയായും സേവനമനുഷ്‌ഠിച്ച അദ്ദേഹം നിലപാടുകളിലും ആദര്‍ശത്തിലും എക്കാലവും ഉറച്ചുനിന്നു. മലയാളിയുടെ മനസ്സില്‍ അദ്ദേഹത്തിന് മരണമില്ല", മോഹന്‍ലാല്‍ കുറിച്ചു. കുറിപ്പിനൊപ്പം വിഎസിന്‍റെ ഒരു ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്.
പ്രിയ സഖാവ് വിഎസ്. അച്യുതാനന്ദന് ആദരാഞ്ജലികൾ", എന്നാണ് മമ്മൂട്ടിയുടെ പ്രതികരണം.
"മലയാളികളുടെ സ്വന്തം സമരനായകന്‍, സഖാവ് വിഎസ് അച്യുതാനന്ദന് ആദരാഞ്ജലികള്‍", എന്ന് സുരേഷ് ഗോപിയും ഫേസ്‌ബുക്കില്‍ കുറിച്ചു.
മരണത്തിനും തോൽപ്പിക്കാൻ കഴിയാത്ത ഓർമ്മകളിൽ വിഎസ് ജീവിക്കുമ്പോൾ ചരിത്രം വിഎസ് എന്ന മനുഷ്യനെ ഓർക്കുക അസ്‌തമയം ഇല്ലാത്ത സൂര്യൻ എന്നായിരിക്കുമെന്നാണ്ഗാനഗന്ധര്‍വ്വന്‍ യേശുദാസിന്‍റെ പ്രതികരണം. വിഎസിന്‍റെ മാതൃകാപരമായ ജീവിതം പുതുതലമുറക്ക് പാഠമാകട്ടെ എന്നും അദ്ദേഹം പറഞ്ഞു.
വിട..വിപ്ലവ സൂര്യൻ വിടവാങ്ങി. ആദരാഞ്ജലികൾ...
കണ്ണീർ പ്രണാമം. മരണത്തിനും തോൽപ്പിക്കാൻ കഴിയാത്ത ഓർമ്മകളിൽ വിഎസ് ജീവിക്കുമ്പോൾ ചരിത്രം വിഎസ് എന്ന മനുഷ്യനെ ഓർക്കുക അസ്‌തമയം ഇല്ലാത്ത സൂര്യൻ എന്നായിരിക്കും. ആദർശസൂര്യന് ആദരാഞ്ജലികൾ. സത്യവും നീതിബോധവും കൊണ്ട് എന്നും സാധാരണ ജനസമൂഹത്തോടൊപ്പം നില ഉറപ്പിക്കുകയും ചെയ്‌ത യഥാർത്ഥ കമ്മ്യൂണിസ്‌റ്റ്. ഇനി വരുമോ ഇതുപോലെ ആദർശമുള്ള മനുഷ്യർ. പുതിയ തലമുറക്ക് പാഠമാകട്ടെ മാതൃകാപരമായ ആ ജീവിതം. വിഎസ് അച്യുതാനന്ദൻ ജ്വലിക്കുന്ന ഓർമ്മയായി മനുഷ്യ ഹൃദയങ്ങളിൽ എന്നും ജീവിക്കും", ഇപ്രകാരമായിരുന്നു കെജെ യേശുദാസിന്‍റെ വാക്കുകള്‍.
ഗായികമാരായ കെഎസ് ചിത്രയും സുജാത മോഹനും വിഎസിന് ആദരാഞ്‌ജലികള്‍ അര്‍പ്പിച്ചു.
"പ്രിയ സഖാവിന് വിട. ആദരാഞ്ജലികൾ", എന്ന് കെഎസ് ചിത്ര ഫേസ്‌ബുക്കില്‍ കുറിച്ചു. "ആദരാഞ്ജലികൾ" എന്ന് സുജാതയും കുറിച്ചു.