റിയല്‍ എസ്‌റ്റേറ്റ് ഇടനിലക്കാരൻ മുഹമ്മദ് ആട്ടൂരിന്റെ (മാമി) തിരോധാനക്കേസില്‍ പൊലീസ് അന്വേഷണത്തില്‍ ഗുരുതര വീഴ്‌ച ഉണ്ടായെന്ന് ക്രൈബ്രാഞ്ച് അന്വേഷണ റിപ്പോർട്ട്.നിർണായക തെളിവായ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചില്ലെന്നും റിപ്പോർട്ടില്‍ പറയുന്നുണ്ട്. സംഭവത്തില്‍ എസ്‌ഐ ഉള്‍പ്പെടെ നാല് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണത്തിന് ശുപാർശ ചെയ്തു.
ഭൂമി ഇടപാടുമായി ബന്ധപ്പെട്ടാണ് മാമിയെ ചിലർ വിളിച്ചു കൊണ്ടുപോയതെന്നായിരുന്നു ലോക്കല്‍ പൊലീസിൻ്റെ അന്വേഷണത്തിൽ പറഞ്ഞിരുന്നത്. എന്നാല്‍ മാമി എവിടെ എന്ന ചോദ്യത്തിന് ഉത്തരം കണ്ടത്താൻ പൊലീസിന് സാധിച്ചിരുന്നില്ല. നേരത്തേ കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടില്‍ പരാമർശിച്ച സാമ്പത്തിക ആരോപണവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷണം ഹൈദരാബാദിലേക്ക് വ്യാപിപ്പിച്ചിരുന്നു.2023 ഓഗസ്റ്റ് 22നാണ് റിയല്‍ എസ്റ്റേറ്റ് വ്യാപാരിയായ മാമിയെ കാണാതായത്. ഓഗസ്റ്റ് 21ന് കോഴിക്കോട് വൈഎംസിഎ ക്രോസ് റോഡിലുള്ള അപ്പാർട്ട്മെന്‍റില്‍ നിന്നും ഇറങ്ങിയ ശേഷം ബന്ധുക്കള്‍ക്ക് ഇതുവരെ മാമിയെ കണ്ടെത്താനായിട്ടില്ല. മൊബൈല്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ അത്തോളി പറമ്പത്ത്, തലക്കുളത്തൂർ ഭാഗത്ത് മാമി ഉണ്ടായിരുന്നതായി തെളിവ് ലഭിച്ചിരുന്നു. ഇവിടെ നിന്നും അന്വേഷണം അക്ഷരാർഥത്തില്‍ വഴിമുട്ടി.
ജില്ലയിലെ മൊബൈല്‍ ടവർ കേന്ദ്രീകരിച്ചുള്ള പരിശോധന അടക്കം നടത്തിയെങ്കിലും അന്വേഷണത്തില്‍ കാര്യമായി പുരോഗതിയുണ്ടായില്ല. പിന്നീട് അന്വേഷണത്തിൻ്റെ പല ഘട്ടത്തിലും കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ നശിപ്പിക്കുന്നതിന് ഉന്നത ഉദ്യോഗസ്ഥർ ശ്രമിച്ചിരുന്നുവെന്ന് മാമിയുടെ കുടുംബംവാർത്ത സമ്മേളനങ്ങളിലൂടെ ആരോപിച്ചിരുന്നു.