മുണ്ടക്കൈ ചൂരൽമല ദുരന്തത്തിന് ഒരു വർഷം പൂർത്തിയായി.ഇതിൻ്റെ ഭാഗമായി സംസ്ഥാനത്തെ സ്കൂളുകളിൽ ഇന്ന് രാവിലെ ഒരു മിനിറ്റ് മൗനം ആചരിക്കും.രാവിലെ 10 മണിക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശപ്രകാരമാണ് മൗനം ആചരിക്കുന്നത്.2024 ജൂലൈ 30ന് ഉണ്ടായ ഉരുൾപൊട്ടലിൽ52 വിദ്യാർത്ഥികളാണ് മരിച്ചത്.അന്നത്തെ ദുരന്തത്തിൽ മരിച്ചുപോയ വിദ്യാർത്ഥികളോടുള്ള ആദരസൂചകമായാണ് ദുഖാചരണം.
മുണ്ടക്കൈ ചൂരൽമല ദുരന്തത്തിൽ ആകെ 298 പേരാണ് മരിച്ചത്.ദുരന്തത്തിൽ അകപ്പെട്ട 32 പേരെ ഇനിയും കണ്ടെത്തിയിട്ടില്ല.
അവരെയും മരിച്ചതായി രണ്ടുമാസം മുമ്പ് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്നു.
ചൂരൽമല മുണ്ടക്കൈ പുനരധിവാസം ഏതൊരു വിഷമ പ്രതിസന്ധിയെയും ഒറ്റക്കെട്ടായി മറികടക്കുന്ന സംസ്ഥാനത്തിന്റെ മാതൃകയുടെ പ്രതീകമാണെന്ന്
മുഖ്യമന്ത്രി പറഞ്ഞു.
ദുരന്ത ബാധിതരുടെ പുനരധിവാസം മികച്ച രീതിയിൽ പൂർത്തീകരിക്കാൻ വിട്ടുവീഴ്ചയില്ലാത്ത പ്രവർത്തനങ്ങളുമായി ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാനം കണ്ട സമാനതകളില്ലാത്ത പ്രകൃതി ദുരന്തത്തിന്റെ ഒരു വർഷം തികയുന്ന സമയത്ത് പുറത്തിറക്കിയ കുറുപ്പിലാണ് മുഖ്യമന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്.
ദുരന്തമുണ്ടായ ഉടനെ രക്ഷാപ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടപ്പാക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും സാധിച്ചു.സർക്കാർ സംവിധാനങ്ങൾക്കൊപ്പം ജനങ്ങളും കൈക്കോർത്ത് നടത്തിയ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ നാടിൻ്റെ ഐക്യത്തിനും ഇച്ഛാശക്തിക്കും അടിവരയിടുന്നതാണെന്നും മുഖ്യമന്ത്രി വാർത്താക്കുറിപ്പിൽ അറിയിച്ചു.