22 ജൂലൈ 2025
ഫിറോസ്പൂർ: ഓപ്പറേഷൻ സിന്ദൂറിനിടെ സൈനികർക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും എത്തിച്ച് നല്‍കിയ പത്തു വയസുകാരനായ ഷാവൻ സിങ്ങിന്റെ പഠനച്ചെലവ് കരസേന ഏറ്റെടുത്തു.താരാ വാലി ഗ്രാമത്തിലെ സർക്കാർ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ്
കൊച്ചു ധീരനായ ഷാവൻ. പഞ്ചാബിലെ താരാ വാലി ഗ്രാമത്തില്‍ പോസ്റ്റ് ചെയ്തിരുന്ന സൈനികർക്കാണ് ഷാവൻ ഭക്ഷണവും വെള്ളവും എത്തിച്ച് നല്‍കിയിരുന്നത്. സൈനികർക്കായി വെള്ളം,ചായ,പാല്‍, ലസി, ഐസ് തുടങ്ങിയവയെല്ലാം
സമയാസമയങ്ങളിൽ എത്തിച്ച് നല്‍കി.
യുദ്ധസമയമാണെന്നുപോലും വകവെക്കാതെയാണ് കുട്ടിയുടെ ഈ ധീര പ്രവർത്തി.ഇക്കാര്യം കണക്കിലെടുത്താണ്
ഇന്ത്യൻ കരസേന കുട്ടിയുടെ പഠനച്ചെലവ് ഏറ്റെടുത്തത്. ഗോള്‍ഡൻ ആരോ ഡിവിഷനാണ്
കുട്ടിയോടുള്ള ആദരസൂചകമായി പഠന ചിലവ് ഏറ്റെടുക്കാൻ മുന്നിട്ടിറങ്ങിയത് . ഷാവന്റെ ധീരതക്കുള്ള പ്രതിഫലമാണ് ഇതെന്നായിരുന്നു സൈന്യം അറിയിച്ചത്.
ഫിറോസ്പുർ കന്റോണ്‍മെന്റില്‍ ശനിയാഴ്ച നടന്ന ചടങ്ങില്‍ വെസ്റ്റേണ്‍ കമാൻഡ് ജനറല്‍ ഓഫീസർ കമാൻഡിങ് ഇൻ ചീഫ് ലഫ്.ജനറല്‍ മനോജ് കുമാർ കത്തിയാർ ഷാവനെ ആദരിച്ചു. ആരുംആവശ്യപ്പെടാതെയാണ് തന്റെ മകൻ സൈനികർക്ക് സഹായമെത്തിച്ചതെന്നും അവനെക്കുറിച്ചോർക്കുമ്പോള്‍ അഭിമാനമാണ് തോന്നുന്നതെന്നും ഷാവൻ സിങ്ങിന്റെ പിതാവ് പ്രതികരിച്ചു.