Responsive Advertisement
Responsive Advertisement
തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തലിന് വന്‍ തിരിച്ചടി. രാഹുലിൻ്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ല സെഷന്‍സ് കോടതി തള്ളി. ജസ്റ്റിസ് എസ് നസീറ. ആണ് ജാമ്യാപേക്ഷ തള്ളിയത്. ഇതോടെ, ഒളിവില്‍ കഴിയുന്ന രാഹുലിന് പൊലീസിനു പിടികൊടുക്കുകയോ കോടതിയില്‍ കീഴടങ്ങുകയോ ചെയ്യേണ്ടി വരും. അറസ്റ്റ് തടയണമെന്ന രാഹുലിന്‍റെ ഹര്‍ജിയും തള്ളി.
ഇന്നലെ രാഹുലിൻ്റെ ജാമ്യഹര്‍ജിയെ പ്രോസിക്യൂഷന്‍ അതിശക്തമായി എതിര്‍ത്തിരുന്നു. ഒന്നിലധികം പീഡനപരാതികള്‍ രാഹുലിനെതിരെയുണ്ടെന്നും പ്രതിക്ക് ജാമ്യം ലഭിച്ചാല്‍ ഇരകളെയും സാക്ഷികളെയും സ്വാധീനിക്കാന്‍ വലിയ സാധ്യതയുണ്ടെന്നും പൊലീസ് കോടതിയെ അറിയിച്ചു.എന്നാല്‍ ബലാത്സംഗം, നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രം എന്നിവ തെളിയിക്കാനുള്ള 
ചില ഡിജിറ്റല്‍ 
രേഖകള്‍ ഇന്നലെ ഹാജരാക്കാന്‍ പ്രോസിക്യൂഷന് സാധിച്ചിരുന്നില്ല.
തുടര്‍ന്ന് കേസില്‍
 ഇന്നും വാദം കേള്‍ക്കാന്‍ കോടതി തീരുമാനിക്കുകയാിരുന്നു. പ്രോസിക്യൂഷന്‍ ഹാജരാക്കിയ 
ഡിജിറ്റല്‍ തെളിവുകള്‍ കൂടി പരിശോധിച്ച ശേഷമാണ് 
രാഹുലിൻ്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയത്. ഇന്നും അടച്ചിട്ട കോടതിയില്‍ പ്രതിഭാഗത്തിന്‍റെയും പ്രോസിക്യൂഷന്‍റെയും വാദം കോടതി കേട്ടിരുന്നു. ശേഷം ഉച്ചയ്ക്ക് രണ്ടിനു ശേഷമാണ് കോടതി വിധി പറഞ്ഞത്.
അതേസമയം, വിധി പുറത്തു വന്ന അതേനിമിഷം രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസിന്‍റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി പാര്‍ട്ടി പത്രക്കുറിപ്പിറക്കി. നിലവില്‍ സസ്‌പെന്‍ഷനിലുള്ള രാഹുല്‍ മാങ്കൂട്ടത്തിലിനെ ഉയര്‍ന്ന പരാതികളുടെയും രജിസ്റ്റര്‍ ചെയ്ത കേസുകളുടെയും അടിസ്ഥാനത്തില്‍ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ അറിയിച്ചു.
ബലാത്സംഗം സംബന്ധിച്ച് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവില്‍ പോയിരുന്നു. കഴിഞ്ഞ എട്ടു ദിവസമായി രാഹുല്‍ ഒളിവില്‍ കഴിയുകയാണ്. ഇതിനിടെയാണ് മറ്റൊരു യുവതി കൂടി എംഎല്‍എക്കെതിരെ പരാതിയുമായി കെപിസിസിയെ സമീപിച്ചത്. യുവതിയില്‍ നിന്നും കെപിസിസിക്ക് ലഭിച്ച പരാതി ഡിജിപിക്ക് കൈമാറിയിട്ടുണ്ട്. യുവതിയോട് നേരിട്ട് പരാതി നല്‍കാന്‍ പൊലീസ് ആവശ്യപ്പെടുമെന്നാണ് ലഭിക്കുന്ന വിവരം. ഇതിന് ശേഷമാകും കേസെടുക്കുന്നത് സംബന്ധിച്ചുള്ള തീരുമാനം.