Responsive Advertisement
Responsive Advertisement
കോഴിക്കോട് :
സ്കൂട്ടറിൽ സഞ്ചരിച്ച് ലഹരി കച്ചവടം നടത്തുന്നയാൾ പിടിയിലായി. 
കോഴിക്കോട് , മലപ്പുറം കേന്ദ്രീകരിച്ചുള്ള ലഹരി മാഫിയ സംഘത്തിലെ മുഖ്യകണ്ണിയാണ് പിടിയിലായത്. കണ്ണൂർ നാറാത്ത് തടത്തിൽ സ്വദേശിയും വൈദ്യരങ്ങാടി വേലപ്പൻ മേനോൻ റോഡ് എൻ.വി ഹൗസിൽ താമസിക്കുന്ന ടി.മുഹമ്മദ് നൗഫൽ (39) നെയാണ് ഡാൻസാഫിൻ്റെയും ഫറോക്ക് പോലീസിൻ്റെയും നേത്യത്വത്തിൽ പിടികൂടി.
വൈദ്യരങ്ങാടി വേലപ്പൻ മേനോൻ റോഡിൽ സ്കൂട്ടറിൽ ലഹരി മരുന്നുമായി വന്ന് വിൽപനക്ക് നിൽക്കുമ്പോഴാണ് ഇയാൾ പിടിയിലാവുന്നത് . 20.48 ഗ്രാം എംഡി എം എ ആണ് ഇയാളിൽ നിന്നും കണ്ടെടുത്തത്.
വിശ്വാസയോഗ്യമായവർ വാട്സ് ആപ്പിൽ ബന്ധപ്പെട്ടാൽ അവർ നിൽക്കുന്നയിടങ്ങളിൽ എത്തുകയും അവരെ സ്കൂട്ടറിൽ കയറ്റിയ ശേഷം സഞ്ചരിക്കുന്നതിനിടയിൽ പണം വാങ്ങി ലഹരി മരുന്ന് കൈമാറുകയുമാണ് രീതി. തുടർന്ന് മറ്റെവിടെയെങ്കിലും അവരെ ഇറക്കിവിടും. പുതിയ ആളുകളാണെങ്കിൽ പണം വാങ്ങിയതിന് ശേഷം റോഡരുകിൽ എവിടെ എങ്കിലും ഡ്രോപ്പ് ചെയ്ത് വച്ച ലഹരി മരുന്ന് അടങ്ങിയ കവറിൻ്റെ ഫോട്ടോയും , ലൊക്കേഷനും വാട്സ് ആപ്പിൽ അയച്ച് അവിടെ നിന്ന് എടുക്കാൻ ആവശ്യപ്പെടും. രാമാനാട്ടുകര , മലപ്പുറം ഭാഗങ്ങൾ കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപന നടത്തുന്ന സംഘത്തിലെ മുഖ്യ കണ്ണിയാണ് പിടിയിലായ നൗഫൽ. ലഹരി മരുന്ന് കേസിൽ പിടിക്കൂടുന്ന വരുമായി ബന്ധം കാണുന്ന നൗഫലിനെ രണ്ട് മാസത്തോളമായി ഡാൻസാഫ് ടീം നിരീക്ഷിച്ച് വരുകയായിരുന്നു . കർണാടകയിലെ വിവിധ സ്ഥലങ്ങളിൽ നിന്നും വൻതോതിൽ എം.ഡി.എം.എ.കൊണ്ട് വന്ന് 20 ഗ്രാം , 25 ഗ്രാം പാക്കറ്റുകളാക്കിയാണ് വിൽപന നടത്തുന്നത്. ഫറോക്ക് സ്റ്റേഷനിൽ റോബറി കേസും , കൊണ്ടോട്ടി സ്റ്റേഷനിൽ എൻ.ഡി.പി. എസ് കേസും ഇയാൾക്കെതിരെ നിലവിലുണ്ട്. പിടികൂടിചോദ്യം ചെയ്തതിൽ നിന്നും രാമാനാട്ടുകര കേന്ദ്രീകരിച്ചുള്ള ലഹരി വിൽപന സംഘങ്ങളുടെ കൂടുതൽ സൂചന പോലീസിന് ലഭ്യമായിട്ടുണ്ട്. 
ഡാൻസാഫ് സ്ക്വാഡിലെ എസ്.ഐ കെ.അബ്ദുറഹ്മാൻ , എ.എസ് ഐ അനീഷ് മൂസ്സേൻവീട് , പി.കെ സരുൺകുമാർ, 
എം ഷിനോജ് ,
ടി.കെ തൗഫീക്ക്, 
പി അഭിജിത്ത്,
ഇ.വി അതുൽ , ഫറോക്ക് സ്റ്റേഷനിലെ എസ്.ഐ. എം.കെ. മിഥുൻ, എസ്.സി പി.ഒ മാരായ മുഹമദ് അഷ്റഫ്, ശന്തനു , സുകേഷ് എന്നിവർപ്രതിയെ പിടികൂടുന്നതിന് നേതൃത്വം നൽകി.