ഇന്നലെ രാത്രി എട്ടരയോടെ ആയിരുന്നു സംഭവം നടന്നത്. വെള്ളത്തൂവൽ കല്ലാർകുട്ടി റോഡരികിലാണ് അഗ്നിക്കിരയായ വീട് ഉള്ളത്.വിക്രമൻ തനിച്ചായിരുന്നു ഈ വീട്ടിൽ താമസിച്ചിരുന്നത്.
ഇടക്കിടെ സഹോദരൻ ശശീന്ദ്രൻ വിക്രമൻ്റെ വീട്ടിൽ എത്താറുണ്ടായിരുന്നു. ഇന്നലെ ശശീന്ദ്രൻ വിക്രമൻ്റെ വീട്ടിൽ എത്തിയത് പരിസരവാസികൾ കണ്ടിരുന്നു. ഇത്തരം സാഹചര്യ തെളിവുകൾ പരിഗണിച്ചാണ് മരിച്ചത് ശശീന്ദ്രൻ ആകാമെന്ന പ്രാഥമിക നിഗമനത്തിലേക്ക് പോലീസ് എത്താൻ കാരണം.
വഴിയരികിൽ കിടക്കുന്ന പ്ലാസ്റ്റിക്ക് സാധനങ്ങളൊക്കെ പെറുക്കി വീട്ടിൽ സൂക്ഷിക്കുന്ന പ്രകൃതക്കാരനാണ് വിക്രമനെന്നാണ് പരിസരവാസികൾ പറയുന്നത്. സംഭവ സമയത്ത് വീട്ടിൽ ഉണ്ടായിരുന്നുവെന്ന് കരുതുന്ന ശശീന്ദ്രൻ രാത്രിയിൽ പടക്കം പൊട്ടിക്കുന്നതിനിടയിൽ അബദ്ധത്തിൽ പ്ലാസ്റ്റിക്ക് വസ്തുക്കളിൽ തീ പടർന്നതാകാം അപകടത്തിന് കാരണമെന്നാണ് കരുതുന്നത്.
സംഭവ സമയത്ത് വിക്രമൻ വീട്ടിൽ ഉണ്ടായിരുന്നില്ലായെന്നാണ് വിവരം.
തീ പിടുത്തതിന് മറ്റെന്തെങ്കിലും കാരണമുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ശാസ്ത്രീയ പരിശോധനക്ക് ശേഷം മാത്രമെ ഇക്കാര്യത്തിൽ വ്യക്തത വരുത്താനാകു.
മൃതദേഹം പൂർണ്ണമായി തന്നെ കത്തിക്കരിഞ്ഞ നിലയിലാണ്.വീട്ടിൽ നിന്നും തീയും പുകയും ശ്രദ്ധയിൽപ്പെട്ടതോടെ സമീപവാസികൾ ഉടൻ തന്നെ പോലീസിനെയും അഗ്നി രക്ഷാ സേനയേയും വിവരമറിയിച്ചു.
അഗ്നി രക്ഷാ സേനയെത്തി തീനിയന്ത്രണ വിധേയമാക്കി.വീടും ഏറെക്കുറെ കത്തിയമർന്ന നിലയിലാണ്.വീടിനുള്ളിലാണ് മൃതദേഹം കിടന്നിരുന്നത്. വിരലടയാള വിദഗതരും ഫോറൻസിക് സംഘവും സ്ഥലത്തെത്തി കൂടുതൽ ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു. ശാസ്ത്രീയ പരിശോധന ഫലം പുറത്തു വന്നാൽ മാത്രമെ മരിച്ചത് വിക്രമൻ്റെ സഹോദരൻ ശശീന്ദ്രൻ തന്നെയാണോയെന്ന കാര്യത്തിൽ ഉറപ്പു വരുത്താനാകുവെന്നും പോലീസ് വ്യക്തമാക്കി.