മെഡിക്കൽ കോളേജിന് സമീപം കോവൂർ ഇരിങ്ങാടൻ പള്ളിയിൽലോറിയും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.ലോറി ഡ്രൈവർ വയനാട് സ്വദേശി അഖിൽകൃഷ്ണൻ (29) ആണ് മരിച്ചത്.ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് അപകടം സംഭവിച്ചത്.മൈസൂരിൽ നിന്നും കോഴിക്കോട് ബീവറേജിലേക്ക് മദ്യവുമായി വന്ന ലോറിഎതിർ ദിശയിൽ വന്നകാറുമായി കൂട്ടിയിടിക്കുകയായിരുന്നു.തുടർന്ന് നിയന്ത്രണം വിട്ട ലോറി റോഡരികിലെ കൈവരിയിൽ ഇടിക്കുകയും മറിയുകയും ചെയ്തു.അപകടത്തിൽ ലോറി ഡ്രൈവർ വാഹനത്തിനടിയിലേക്ക് തെറിച്ചുവീണു.വിവരമറിഞ്ഞ് വെള്ളിമാടുകുന്ന് നിന്നെത്തിയ ഫയർ യൂണിറ്റ് അംഗങ്ങൾ ഉടൻതന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചു.ലോറിക്കടിയിൽ കുടുങ്ങിയ ഡ്രൈവറെ ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് വാഹനത്തിനടിയിൽ നിന്നും പുറത്തെടുത്തു.
തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
അപകടത്തിൽ തുടർന്ന് ഇരിങ്ങാടൻ പള്ളി വെള്ളിമാടുകുന്ന് റോഡിൽ ലോറിയിൽ ഉണ്ടായിരുന്ന
മദ്യക്കുപ്പികൾ ചിതറി തെറിച്ചതോടെ ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു.
ഫയർ യൂണിറ്റ് അംഗങ്ങൾ ചേർന്ന് റോഡിൽ പരന്ന് കാൽനടയാത്രക്കാർക്ക് പോലുംഅപകട ഭീഷണി ഉയർത്തിയ കുപ്പി ചില്ലുകൾ ഏറെനേരം പരിശ്രമിച്ച് നീക്കം ചെയ്താണ് ഗതാഗതം പുനസ്ഥാപിച്ചത്.
അപകടത്തിന്റെ കാരണം വ്യക്തമല്ല.
ചേവായൂർ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.